ടെൽ അവീവ്: ജൂതരെ ഉന്മൂലനം ചെയ്ത് ശരിഅത്ത് നിയമം ലോകം മുഴുവൻ നടപ്പിലാക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് മൊസബ് ഹസ്സൻ യൂസഫ്. ഹമാസിന്റെ സ്ഥാപകൻ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകനാണ് മൊസബ് ഹസ്സൻ യൂസഫ്. ഭീകരസംഘടനയിൽ നിന്ന് വേർപ്പിരിഞ്ഞ് ദീർഘകാലം ഇസ്രായേലിന് വേണ്ടി പ്രവർത്തിച്ചയാളാണ് മൊസബ്. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന റെയ്ഡിനിടെ മൊസബിന്റെ പിതാവ് ഷെയ്ഖ് ഹസ്സൻ യൂസഫ് ഉൾപ്പടെ അറുപതോളം ഹമാസ് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന അറസ്റ്റ് ചെയ്തിരുന്നു.
തന്റെ പിതാവും ഹമാസ് ഭീകരസംഘടനയും കേവലം പാലസ്തീന് വേണ്ടി നടത്തുന്ന മതയുദ്ധമല്ല ഇതെന്ന് മുന്നറിയിപ്പ് നൽകുകയാണ് മൊസാബ്. പാലസ്തീൻ എന്ന രാജ്യത്തിന്റെ ആവശ്യങ്ങൾക്കപ്പുറം ഒരിക്കലും അവസാനിക്കാത്ത മതയുദ്ധത്തിലേക്കാണ് ഹമാസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാവരും വിമർശിക്കാൻ പോലും ഭയപ്പെടുന്ന മതസ്ഥാപനമാണ് ഹമാസ് എന്ന് പറയേണ്ടി വരും. ഒരു രാഷ്‌ട്രീയ പ്രസ്ഥാനമായിരുന്നു ഹമാസ് എങ്കിൽ അവരുടെ രാഷ്‌ട്രീയ മോഹം തൃപ്തിപ്പെടുത്താൻ എളുപ്പമായിരുന്നു. എന്നാൽ അതിർത്തികളിൽ വിശ്വസിക്കാത്ത മതപ്രസ്ഥാനമാണ് ഹമാസ്. ഇസ്രായേലിനെ തകർത്ത്, ഇസ്രായേലിന്റെ അവശിഷ്ടങ്ങളിൽ നിലയുറപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് യാഥാർത്ഥ്യമാക്കുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നും മൊസാബ് മുന്നറിയിപ്പ് നൽകി.
ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ഇസ്രായേലിനെ നിലംപരിശമാക്കുകയാണ് ഹമാസിന്റെ ഉദ്ദേശ്യം. ഇസ്രായേലിന്റെ നിലനിൽപ്പിന് വേണ്ടി സംസാരിക്കുന്ന എല്ലാവരെയും അവർ കൊന്നൊടുക്കും. എന്നാൽ ഇതോടെ അവരുടെ ലക്ഷ്യം പൂർത്തിയാക്കപ്പെടുകയുമില്ല. ലോകം കീഴടക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം. ഇസ്രായേലിനെ ഇസ്ലാമിക് സ്‌റ്റേറ്റ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീട് അത് ഗ്ലോബൽ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തലത്തിലേക്ക് ഉയർത്താനാണ് അവരുടെ പദ്ധതി. അവർക്ക് സാമ്പത്തികമായ സഹായം ആവശ്യമായി വരുമ്പോഴാണ് ഇസ്രായേലുമായി യുദ്ധത്തിൽ ഏർപ്പെടുന്നത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിന് തുടക്കമിട്ടതും ഹമാസ് ആണെന്നത് ശ്രദ്ധേയമാണെന്നും മൊസാബ് പറയുന്നു.
ഇസ്രായേലിന് വേണ്ടി ദീർഘകാലം ചാരനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഹമാസിനെ ഉപേക്ഷിച്ചെത്തിയ മൊസബ് ഹസ്സൻ യൂസഫ്. നിരവധി ഭീകരാക്രമണങ്ങൾ തടയാൻ സഹായിച്ചിട്ടുള്ള അദ്ദേഹം ഗ്രീൻ പ്രിൻസ് എന്നാണ് അറിയപ്പെടുന്നത്. 1997 മുതൽ 2007 വരെയുള്ള കാലത്താണ് അദ്ദേഹം ഇസ്രായേലിന് വേണ്ടി പ്രവർത്തിച്ചിരുന്നത്. മൊസാബ് പങ്കുവച്ച വിലപ്പെട്ട വിവരങ്ങൾ പ്രകാരം ഇസ്രായേലിലെ വിവിധയിടങ്ങളിൽ നടക്കാനിരുന്ന ചാവേർ സ്‌ഫോടനങ്ങളും മറ്റ് ഭീകരാക്രമണ പദ്ധതികളും തടയാൻ കഴിഞ്ഞിട്ടുണ്ട്.















