മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിന് ‘ടർബോ’ എന്നാണ് പേരിട്ടിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന് പിന്നാലെ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈശാഖ്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അടുത്ത 100 ദിവസം തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും വൈശാഖ് കുറിച്ചു. വൈശാഖിന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.
‘‘അടുത്ത 100 ദിവസം തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് തുടങ്ങുന്നത് പോലെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിന് നന്ദി അറിയിക്കുന്നു. പ്രിയ ആന്റോ ജോസഫ്, നിങ്ങളുടെ പിന്തുണയ്‌ക്കും, മനോഹരമായ ഒരു തിരക്കഥ തന്ന മിഥുൻ മാനുവൽ തോമസിനും നന്ദി പറയുന്നു. എല്ലാറ്റിനുമുപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്‌ക്ക് ഒരായിരം നന്ദി. കൂടെയുണ്ടായിരുന്ന എല്ലാവരോടും നന്ദിയോടെ ഞാൻ ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു … ’’–വൈശാഖ് പറഞ്ഞു.















