എറണാകുളം: ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. രാഷ്ട്രം ഒന്നിച്ചു മുന്നേറുന്നത് ഹൈന്ദവ സംസ്കാരത്തിലൂന്നിയാണ്. സംഘത്തെ മനസിലാക്കാൻ ശാഖയിലേക്ക് വരണമെന്നും ജെ നന്ദകുമാർ പറഞ്ഞു. ആലുവ സംഘ ജില്ലയുടെ വിജയദേശമി ഉത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘സംഘം തുടങ്ങി 98 വർഷമായിട്ടും ഇപ്പോഴും സംഘത്തോടടുക്കാൻ പലർക്കും ഭയമാണ്. അവരോട് പറയാനുള്ളത് സംഘത്തെ അറിയുവാൻ സംഘത്തിലേക്ക് വരൂ എന്ന് മാത്രമാണ്. എല്ലാവരും ഒന്നാണ്, ഒരേ മനസോടെ ഭാരതത്തിന്റെ പരമവൈഭവത്തിനായി മുന്നോട്ടുപോകുന്നു എന്നത് മാത്രമാണ് ലക്ഷ്യം.
ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണം. ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് സാമ്പത്തികമോ, രാഷ്ട്രീയമായ ആശയങ്ങളോ അല്ല മറിച്ച് അത് നമ്മുടെ ഹൈന്ദവ സംസ്കാരമാണ്. ഹിന്ദുത്വത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത് ആർഎസ്എസ് മാത്രമല്ല’- ജെ നന്ദകുമാർ വ്യക്തമാക്കി.
ആലുവ വിദ്യാധിരാജ സ്കൂളിൽ നിന്നും മണപ്പുറം മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം നഗരം ചുറ്റി വിദ്യാധിരാജ സ്കൂളിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ റസ്സൽ ജോയ് അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ്, ജില്ലാ കാര്യവാഹക് എ.കെ. ഷാജി, പി.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോനും ചടങ്ങിൽ പങ്കെടുത്തു.