ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് രൺബീർ കപൂർ. യുവതാരം എന്ന വിശേഷണത്തിൽ നിന്ന് സൂപ്പർതാരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് രൺബീർ കപൂർ. ഇപ്പോഴിതാ പുതിയ പ്രഖ്യാപനം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് രൺബീർ.
രൺബീർ കപൂർ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിൽ നിന്ന് തൽക്കാലം ഒരു ഇടവേളയെടുക്കുകയാണെന്ന് താരം പറഞ്ഞു. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നീടുള്ള ആറുമാസം താൻ സിനിമയ്‌ക്ക് ഒരു ഇടവേള എടുക്കുനെന്നും താരം പറഞ്ഞു.
മകൾ രാഹയ്‌ക്കൊപ്പം സമയം ചെലവഴിക്കാനായാണ് ഇടവേള എടുക്കുന്നത്. നവംബർ ആറിന് മകളുടെ ജന്മദിനമാണ്. അതിന് ശേഷം ആലിയ ഭട്ട് നായികയാകുന്ന ‘ജിഗ്ര’യുടെ ഷൂട്ടിംഗ് ആരംഭിക്കും. പിന്നീടുള്ള ആറ് മാസക്കാലം ആലിയ തിരക്കിലായിരിക്കും. ഈ സമയം മകളെ തനിച്ചാക്കാൻ പറ്റില്ലെന്നും താൻ മകൾക്കൊപ്പമായിരിക്കുമെന്നും രൺബീർ ആരാധകരോട് പറഞ്ഞു. തന്റെ തിരക്കുകൾ കാരണം ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ രാഹയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.
ഇനി തനിക്കൊരു പിതൃത്വ അവധി (paternity leve) എടുക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവൾ ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. എന്നെ പ, എന്നും ആലിയയെ മാ, എന്നും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾക്കൊപ്പമുള്ള മനോഹരമായ സമയമാണ് ഞാൻ ഇപ്പോൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അത് ഞാൻ ഈ ഇടവേളയിലൂടെ സ്വന്തമാക്കാൻ പോവുകയാണെന്നും രൺബീർ പറഞ്ഞു.















