കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അതുല്യ ക്ഷേത്രമാണ് ‘മാ ലിംഗഭൈരവി’ ക്ഷേത്രം . അവിടെ എല്ലാ പൂജാരിമാരും സ്ത്രീകളാണ്. ‘മാ ലിംഗഭൈരവി’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ സവിശേഷമായ പാരമ്പര്യമാണ്. ഇവിടെ ‘ഭൈരാഗിണി മാ’ എന്നറിയപ്പെടുന്ന സ്ത്രീ പൂജാരിമാർക്ക് മാത്രമേ ശ്രീകോവിലിൽ പ്രവേശിച്ച് ദേവിയെ ആരാധിക്കാൻ അനുവാദമുള്ളൂ. കടുംചുവപ്പ് സാരി അണിഞ്ഞിരിക്കുന്ന ഈ വനിതാ പുരോഹിതകൾ വിവിധ ജാതികളിൽ നിന്നും മതങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെയുള്ള സദ്ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഈ ക്ഷേത്രത്തിന്റെ രൂപകൽപ്പന സ്ത്രീ ശരീരത്തെ പ്രതിനിധീകരിക്കുന്നു.ലെബനനിൽ നിന്നുള്ള ഭൈരാഗിണി മാ ഹനീൻ ആണ് ഇപ്പോൾ ഈ ക്ഷേത്രത്തിൽ പൂജാരിയായിട്ടുള്ളത് .
വളരെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ക്രിയേറ്റീവ് ആർട്ട് ഡയറക്‌ടർ ആയിരുന്നു ലെബനൻ സ്വദേശിനിയായ ഭൈരാഗിണി മാ ഹനീൻ . ഗ്രാഫിക് ഡിസൈനിംഗ് പഠിച്ച അവർ ഒരു പരസ്യ ഏജൻസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആഡംബര ജീവിതം ഉപേക്ഷിച്ച് ആത്മീയ പാത തിരഞ്ഞെടുക്കുമ്പോൾ അവർക്ക് 25 വയസ് മാത്രമായിരുന്നു പ്രായം.
തനിക്ക് എല്ലാമുണ്ടായിരുന്നിട്ടും ഒന്നിലും തൃപ്‌തയായിരുന്നില്ല. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടത്തിലാണ് ആളുകൾ ആത്മീയതയിലേയ്‌ക്ക് തിരിയുന്നത്.തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മരണമാണ് തന്നെ ഭക്തിയുടെ പാതയിൽ എത്തിച്ചതെന്ന് ഭൈരാഗിനി മാ ഹനീൻ പറയുന്നു . 2009ലാണ് ഭൈരാഗിനി ക്ഷേത്രത്തിലെ മുഴുവൻ സമയ വോളന്റീയർ ആയി പ്രവർത്തിക്കാൻ ഭൈരാഗിനി മാ കോയമ്പത്തൂരിലെത്തിയത്.
2005ൽ ഇഷ യോഗ സെന്ററിലെ ‘ഇന്നർ എഞ്ചിനീയറിംഗ്’ എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ശേഷം ലെബനനിൽ തിരികെ പോവുകയും ജോലി രാജിവച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഇവിടേക്ക് മടങ്ങിയെത്തുകയുമായിരുന്നു.
ക്ഷേത്രത്തിലെത്തിയതിന് ശേഷം എല്ലാ കാര്യങ്ങളിലും സ്വമേധയാ പങ്കെടുത്തുവെന്നും അത് തനിക്ക് എന്തെന്നില്ലാത്ത സംതൃപ്തി തന്നുവെന്നും ഭൈരാഗിനി മാ പറയുന്നു. രണ്ടുവർഷം മുൻപ് സദ്‌ഗുരുവാണ് ഭൈരാഗിനി മാ ആയി മാറാൻ പ്രചോദനം നൽകിയതെന്നും അവർ പറഞ്ഞു.















