വാഷിംഗ്ടൺ: ഹമാസ് ഭീകരർ പാലസ്തീനിലെ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭീകരർ ഭീരുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുകയും സഖ്യകക്ഷിയോട് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഇസ്രായേലിനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് ആവശ്യമായ സഹായങ്ങൾ ഞങ്ങൾ ഉറപ്പാക്കും.
ഹമാസ് ഒരിക്കലും ഗാസ മുനമ്പിലെ ബഹുഭൂരിപക്ഷം വരുന്ന പാലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. അവരോട് കാണിക്കുന്ന നിന്ദ്യയിൽ അതിശയകരമായും ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ നിരപരാധികളായ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മെഡിക്കൽ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിച്ചതിന് ഇസ്രായേലിനോടും പാലസ്തീനോടും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നെന്നും ബൈഡൻ പറഞ്ഞു.
ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാൻ യുഎസ് രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ഉപേക്ഷിച്ചവരും തടവിലാക്കിയവരുമായ അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും വിദേശ പൗരന്മാരെ ഗാസയിൽ നിന്ന് സുരക്ഷിതമായി കടത്തിവിടുന്നതിനും മേഖലയിലെ ഞങ്ങളുടെ പങ്കാളികളുമായി ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അമേരിക്കക്കാർ മാത്രമല്ല , ഓസ്ട്രേലിയയിലേയും ഒരു കൂട്ടം ജനങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിന്റെ വാക്കുകൾ ഇങ്ങനെ. ഇസ്രായേലായാലും പാലസ്തീനായാലും ഓരോ നിരപരാധിയുടെയും ജീവൻ നഷ്ടപ്പെടുമ്പോഴും തങ്ങൾക്ക് ദു:ഖമുണ്ടെന്നും അൽബനീസ് പറയുന്നു. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായമായി 15 മില്യൺ യുഎസ് ഡോളർ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ഭക്ഷണത്തിനും മെഡിക്കൽ സേവനങ്ങൾക്കുമായി ഓസ്ട്രേലിയ നേരത്തെ 10 മില്യൺ ഡോളർ അനുവദിച്ചിരുന്നു.















