എറണാകുളം: ട്രേഡ് യൂണിയനുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായത് സംരംഭകർ. സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തമ്മിലാണ് തൊഴിൽ വിഭജനത്തെ ചൊല്ലി തർക്കമുണ്ടായത്. രണ്ടാഴ്ചയായി തുടരുന്ന തർക്കത്തിൽ ഗതികേട് അനുഭവിക്കുന്നത് കൊച്ചി സ്വദേശി ഷാജറാണ്. കൊച്ചിയിൽ പ്രോർട്ട് ട്രസ്റ്റ് ഗോഡൗണിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യാനാകാതെ പ്രതിദിനം 6,500 രൂപയാണ് ഷാജർ പിഴയടക്കുന്നത്. യൂണിയനുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തൊഴിൽ യൂണിയനുകൾ ഇടപെട്ടിട്ടും പരിഹാരം കണ്ടെത്താൻ സാധിച്ചില്ല.
കൊച്ചിയിലെ സ്‌ക്രാപ്പ് വ്യാപാരിയാണ് ഷാജർ. ഈ മാസം ഒമ്പതിനാണ് 6.5 ലക്ഷം രൂപയ്‌ക്ക് സ്‌ക്രാപ്പ് ഷാജർ ലേലത്തിലെടുത്തത്. 30 കൂളറുകളടക്കം നിരവധി സാധനങ്ങളുണ്ട്. അന്ന് മുതൽ സാധനങ്ങൾ ഗോഡൗണിൽ നിന്ന് മാറ്റാൻ ഷാജർ ശ്രമിച്ചിരുന്നു. ഇതിന് സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തടസം നിൽക്കുകയാണ്. വാക്കുതർക്കം അവസാനം കയ്യാങ്കളിയിലാണ് അവസാനിച്ചത്. രണ്ട് യൂണിയനുകൾക്കും പണം നൽകാമെന്ന് പറഞ്ഞിട്ടും ഒത്തുതീർപ്പിന് ട്രേഡ് യൂണിയനുകൾ തയാറാകുന്നില്ല.
സ്‌ക്രാപ്പ് എടുക്കാനുള്ള അവകാശം സംഘടനയ്‌ക്കാണെന്ന് സിഐടിയുയും ഗോഡൗണിൽ നിന്ന് ലോഡിറക്കാൻ സമ്മതിക്കില്ലെന്ന് കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും പറയുന്നു. ഇതോടെയാണ് ദിവസവും 6,500 രൂപ പിഴ ഈടാക്കാൻ പോർട്ട് ട്രസ്റ്റ് തീരുമാനിച്ചത്. അടുത്താഴ്ച പിഴ ഇരട്ടിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു.















