ബെംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 12 പേർ മരിച്ചു. കർണാടകയിലെ ചിക്കബെല്ലാപുരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചിക്കബെല്ലാപുര ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. കാറിൽ 14 പേരാണുണ്ടായിരുന്നത്.
ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറുകയായിരുന്നു. 12 പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് റോഡ് കാണാതായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ടാങ്കർ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണുള്ളത്.















