കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപനം നടന്നു. കിഴക്കേ നടയിലും വടക്കേ നടയിലുമാണ് പുതിയ ഗോപുരങ്ങളുടെ നിർമ്മാണം. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഭക്തരുടെ സഹകരണത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കിഴക്കേനട ഗോപുരം സജ്ജമാകുന്നതോടെ പട്ടിത്താനം-മണർകാട് ബൈപാസ് റോഡിലൂടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന വഴിയായി ഇത് മാറും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എസ് എസ് സജീവൻ, ജീ സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി ബൈജു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോപുരങ്ങളുടെ നിർമാണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് മന്ത്രി വിഎൻ വാസവൻ ആയിരുന്നു.















