ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഒക്ടോബര്‍ 20ന് മുംബൈയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളില്‍ അമേരിക്ക അനുവദിക്കുന്ന ഇളവുകളെക്കുറിച്ചും റൂബിയോ വിശദീകരിച്ചു. ആഗോള ഊര്‍ജ വിതരണത്തെയും എണ്ണവിലയെയും പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാനാണ് ഇളവുകള്‍ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ കാരണം ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ ആവശ്യങ്ങളും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വാണിജ്യ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും കരാറിന്റെ നിയമപരമായ കരട് തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കരാര്‍ വേഗത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. ഒക്ടോബര്‍ 20ന് മുംബൈയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയായേക്കും. വ്യാപാര കരാറുമായി ബന്ധപ്പെട്ട തുടര്‍നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമായേക്കുമെന്നാണ് വിലയിരുത്തല്‍.















