ലക്‌നൗ: സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പ്രൊഫ.എസ്.പി. സിങ് ബാഗേൽ. ആർഎസ്എസ് സേവാവിഭാഗിന്റെ നേതൃത്വത്തിൽ യുപിയിലെ ആഗ്രയ്‌ക്കടുത്ത് ഷാഗഞ്ചിലെ ശിവാജി നഗറിന് സമീപമാണ് രാജാ ഹരിശ്ചന്ദ്ര മോക്ഷധാം വൈദ്യുത പൊതുശ്മശാനം പൂർത്തിയാക്കിയത്.
‘രണ്ട് ചൂളകളടങ്ങുന്ന ശ്മശാനം പൂർത്തിയായതിലൂടെ ഷാഗഞ്ചിലെ ജനങ്ങൾക്ക് ശ്മശാനം തേടി കിലോമീറ്ററുകൾക്കപ്പുറം താജ്ഗഞ്ചിലേക്ക് പോകേണ്ട അവസ്ഥ ഇല്ലാതായി. ആഗ്രയുടെ മാലിന്യകേന്ദ്രമായി പരിഗണിച്ചിരുന്ന പ്രദേശത്താണ് ശ്മശാനം പൂർത്തിയാക്കിയത്. വൈദ്യുത ശ്മശാനങ്ങൾ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കുന്നതിന് സഹായകരമാണ്.
ആർഎസ്എസ് ബ്രിജ് പ്രാന്ത പ്രചാരക് ഡോ. ഹരീഷ് റൗട്ടേല, പ്രചാർ പ്രമുഖ് കേശവ് ദേവ് ശർമ്മ, കാര്യകാരി അംഗം അശോക് കുൽശ്രേഷ്ഠ, പ്രദേശത്തെ ബിജെപി കൗൺസിലർ ആശിഷ് പരാശർ എന്നിവരുടെ നേതൃത്വവും മാർഗദർശനവും ഈ സംരംഭത്തിന് വഴികാട്ടിയായി’- എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ ധർമ്മാചാര്യ മഹന്ത് നിർമ്മൽ ഗിരി, മഹന്ത് യോഗി രുദ്രനാഥ്, ആചാര്യ സുനിൽ ശാസ്ത്രി, മഹന്ത് ഇന്തോലിയ, ചെറുകിട വ്യവസായ കോർപ്പറേഷൻ ചെയർമാൻ രാകേഷ് ഗാർഗ്, മുൻ മേയർ ഇന്ദർജിത് ആര്യ തുടങ്ങിയവരും പങ്കെടുത്തു.















