ഇസ്ലാമാബാദ് : പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ തന്നോട് മതപരമായ വിവേചനം കാണിച്ചതായും തന്നെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കനേരിയയുടെ പ്രതികരണം.
താനൊരു ഉറച്ച സനാതനിയാണെന്നും ഡാനിഷ് കനേരിയ പറഞ്ഞു. “ഒന്നാമതായി, എന്നെ സംബന്ധിച്ചിടത്തോളം, സനാതന ധർമ്മത്തിലുള്ള എന്റെ വിശ്വാസം എല്ലാറ്റിനും മുകളിലാണ്. ഒന്നും സനാതന ധർമ്മത്തിന് മുകളിലല്ല. ശ്രീരാമനാണ് എന്റെ ജീവിതത്തിന്റെ പ്രചോദനം. എല്ലാ സമയത്തും സനാതന ധർമ്മം ഉയർത്തിപ്പിടിക്കാൻ നിങ്ങളുടെ ശബ്ദം ഉയർത്താൻ ശ്രീരാമൻ പറയുന്നു. ഞാൻ തെറ്റൊന്നും ചെയ്യുന്നില്ല. ഇവിടെ പാകിസ്താനിലെ ആളുകളുമായി സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്, അതിനെക്കുറിച്ച് ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കും. ഇവിടെ നടക്കുന്ന തെറ്റുകൾ ഞാൻ ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കും. റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകൾ ഉണ്ട് – അദ്ദേഹം പറയുന്നു.
എന്റെ ഒരു ഹിന്ദു സഹോദരനും ഹിന്ദു സമൂഹത്തിനും വേണ്ടി ശബ്ദം ഉയർത്താൻ എന്റെ ധർമ്മം എന്നെ പഠിപ്പിക്കുന്നു. ഭഗവാൻ എനിക്ക് സംസാരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെങ്കിൽ, ഞാൻ അവർക്കുവേണ്ടി സംസാരിക്കണം. എന്നെപ്പോലെ എല്ലാവരും ശബ്ദം ഉയർത്തിയാൽ എനിക്കിഷ്ടമാണ്. ഇന്ത്യൻ മാദ്ധ്യമങ്ങൾ ഈ ആവശ്യത്തിനായി ശബ്ദമുയർത്തുന്നത് എനിക്ക് കൂടുതൽ ഇഷ്ടപ്പെടും, കാരണം ഒരു തെറ്റിനെ തെറ്റ് എന്ന് വ്യക്തമായി വിളിക്കണം .
ക്യാപ്റ്റൻ എന്ന നിലയിൽ എന്നെ പിന്തുണച്ച ഒരേയൊരു വ്യക്തി ഇൻസമാം-ഉൾ-ഹഖ് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ളവർ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അവർ എന്നോടൊപ്പം ഭക്ഷണം കഴിക്കില്ല. അവർ എപ്പോഴും മതപരിവർത്തനത്തെക്കുറിച്ച് സംസാരിക്കും, പക്ഷേ എന്റെ ധർമ്മമാണ് എനിക്ക് എല്ലാം.പാക് ടീമിലെ പല വലിയ കളിക്കാരും ഇസ്‌ലാം മതം സ്വീകരിക്കാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു, ആ കളിക്കാരിൽ പ്രധാനി ഷാഹിദ് അഫ്രീദിയായിരുന്നു.
മതത്തിന്റെ പേരിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും തന്നോട് വിവേചനം കാണിക്കുന്നു .എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവസരം നൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്“
പാക് ടീം മതത്തിന് മുൻഗണന നൽകുന്നു. രണ്ടാമതായി, അവർ രാഷ്‌ട്രീയത്തിലാണ്. അവരുടെ മുൻഗണനാ പട്ടികയിൽ ക്രിക്കറ്റ് മൂന്നാം സ്ഥാനത്താണ്. ഗ്രൗണ്ടിലുള്ള എല്ലാവരുടെയും മുന്നിൽ നമസ്‌കരിച്ച് എന്തിനാണ് ഇവർ ഷോ ഓഫ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർ ഡ്രസ്സിംഗ് റൂമിൽ കുറച്ചുനേരം പ്രാർത്ഥിച്ചേക്കാം. നമ്മളും നമ്മുടെ ദൈവങ്ങളിൽ വിശ്വസിക്കുന്നു. നമ്മളെല്ലാം ഒരു വിക്കറ്റ് എടുത്തതിന് ശേഷം ഗ്രൗണ്ടിൽ തന്നെ പൂജയും ആരതിയും തുടങ്ങാറുണ്ടോ? എന്നാൽ അവർക്ക് ഒരു പ്രത്യേക ചിന്താഗതിയുണ്ട്. ഇതെല്ലാം കാണിക്കാൻ അവർ ആഗ്രഹിക്കുന്നു. വിരാട് കൊഹ്ലി പൂജ ചെയ്യുന്നു, അല്ലേ? രോഹിത് ശർമ്മ പൂജ ചെയ്യുന്നില്ലേ? ഷമി നമസ്കരിക്കുന്നില്ലേ? സിറാജ് നമസ്കരിക്കുന്നില്ലേ? അവർ ഇതെല്ലാം ചെയ്യുന്നു, പക്ഷേ കളിസ്ഥലത്ത് അല്ല.- ഡാനിഷ് കനേരിയ പറഞ്ഞു.















