കോഴിക്കോട്: സ്വകാര്യ ബസിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. കല്ലായി സ്വദേശി ഫർഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിലാണ് സംഭവം.
ഫർഹാൻ ബസിന് മുന്നിൽ തടസം സൃഷ്ടിച്ചുകൊണ്ട് സിഗ് സാഗ് രീതിയിൽ മീറ്ററുകളോളമാണ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാദ്ധ്യമത്തിൽ വൈറലായിരുന്നു.
അതേസമയം യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തേക്കും.















