ന്യൂഡൽഹി: ആപ്പിളിന്റെ കരാർനിർമാണ കമ്പനിയായ വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ ഐഫോൺ നിർമ്മാണത്തിലേക്ക് കടന്നു വരുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറി.
‘ഇന്ന് ചേർന്ന വിസ്ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിർമാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. ആഗോള വിപണിയിലേക്കുള്ള ഉത്പന്നമാണ് ടാറ്റ നിർമ്മിക്കുക. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമ്മാണം ആരംഭിക്കുമെന്നും’ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഏകദേശം 10000 ഓളം ജീവനക്കാരാണ് ഇന്ത്യയിലെ വിസ്ട്രോൺ നിർമാണ ശാലയിലുള്ളത്. നിവലിൽ ഐഫോൺ 14 ഇവിടെ നിർമിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകൾ നിർമിക്കാനുള്ള കരാറാണ് വിസ്‌ട്രോൺ ഏറ്റെടുത്തിട്ടുള്ളത്. കൂടാതെ കർണാടകയിലെ വിസ്ട്രോണിന്റെ ഫാക്ടറിയിലെ ഐഫോൺ 15 പ്ലസ്, ഐഫോൺ 12, ഐഫോൺ എസ്ഇ എന്നിവയുടെ നിർമ്മാണവും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. തായ്‌വാൻ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന കരാർ നിർമാതാക്കൾ.















