ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ റിലീസ് തീയതിയ്‌ക്ക് പിന്നാലെ പിറന്നാൾ ദിനത്തിൽ മറ്റൊരു സന്തോഷവാർത്ത കൂടി ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഭ.ഭ.ബ’ എന്നാണ് സിനിമയുടെ ടൈറ്റിൽ. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സുപ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
സിനിമയുടെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തയാറാക്കിയിരിക്കുന്നത്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്’ ദിലീപായിരുന്നു നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.