ലക്നൗ : ഇന്ത്യയിലെ മഹാനായ അനശ്വര പോരാളികളിൽ ഒരാളായ ഛത്രപതി ശിവജി മഹാരാജിന്റെ പേര് കേൾക്കുമ്പോൾ ഓരോ യഥാർത്ഥ ഇന്ത്യക്കാരന്റെയും ധമനികളിൽ രക്തം തുടിക്കാൻ തുടങ്ങുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഛത്രപതി ശിവജി, മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ് ജി മഹാരാജ് എന്നിവരുടെ പേര് കേട്ടാൽ മനസ്സാക്ഷിയിൽ ദേശസ്നേഹം നിറയാത്ത ഇന്ത്യക്കാരൻ ആരാണെന്നും അദ്ദേഹം ചോദിച്ചു . ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ജനതാ രാജ’ എന്ന നാടകത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം .
ദേശീയതയുടെ ഈ പൈതൃകം കുടുംബത്തിലേക്കും സമൂഹത്തിലേക്കും ഗ്രാമത്തിലേക്കും പ്രദേശത്തിലേക്കും എത്തിക്കാൻ എല്ലാവരും ചേർന്ന് പ്രവർത്തിക്കണം . ഞങ്ങൾ നല്ലവരെ സംരക്ഷിക്കും, ദുഷ്ടന്മാരെ നശിപ്പിക്കാൻ മടിക്കില്ല. മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി, ഗുരു ഗോവിന്ദ് സിംഗ് ഇവരെല്ലാം എല്ലാവർക്കും പ്രചോദനമാണ്. സനാതന ധർമ്മത്തിന്റെ അനുയായികൾ അവരെ ഒരു പ്രചോദനമായും പ്രകാശകിരണമായും കണക്കാക്കുകയും വെല്ലുവിളികളെ നേരിടാനുള്ള ശക്തി നേടുകയും ചെയ്യുന്നു .
ഔറംഗസേബിനെപ്പോലെയുള്ള ഒരു നിഷ്ഠൂര ഭരണാധികാരിക്ക് മുന്നിലാണ് ഛത്രപതി ശിവാജി മഹാരാജ് 350 വർഷം മുമ്പ് ഹിന്ദവി സാമ്രാജ്യം സ്ഥാപിച്ചത് . ഒരു വശത്ത്, ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ വ്യക്തിത്വം നശിപ്പിക്കാൻ ഔറംഗസേബ് വ്യഗ്രത കാണിച്ചു . ആ ഔറംഗസേബിന്റെ നെഞ്ചിൽ ചവിട്ടിയാണ് ഛത്രപതി ശിവാജി മഹാരാജ് തന്റെ ഹിന്ദു സാമ്രാജ്യം പ്രഖ്യാപിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.