പൂനെ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടൻ അനുപം ഖേർ. ഇത് വർഷങ്ങളോളം ഹിന്ദുക്കൾ നടത്തിയ നിയമപോരാട്ടത്തിന്റെ പ്രതീകമാണെന്നും രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ദിവസം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ നിന്ന് അയോദ്ധ്യ രാമക്ഷേത്രത്തിൽ ആദ്യമായി പൂജ നടത്താൻ അവസരം ലഭിച്ച നടനെന്ന നിലയിൽ താൻ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളോട് സംസാരിക്കുയയിരുന്നു താരം.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനം ചരിത്രദിനമാണ്, അതിനായി കാത്തിരിക്കുകയാണ് എല്ലാ ഭാരതിയരും. ഉദ്ഘാടന ദിനമായ ജനുവരി 22 ന് ക്ഷേത്രം സന്ദർശിക്കും. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ക്ഷേത്രം ഉയർന്നുവന്നിട്ടുണ്ടെന്നും പുണ്യദിനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനയ്‌ക്ക് മാത്രമല്ല, സാംസ്‌കാരിക വിനോദസഞ്ചാരത്തിനായും അയോദ്ധ്യയിലേക്ക് വരാൻ നടൻ ജനങ്ങളോട് ആവശ്യപ്പെട്ടു.















