ശ്രീനഗർ:കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നതെന്ന് 28 ഇൻഫെൻട്രി ജനറൽ കമാൻഡിംഗ് ഓഫീസർ ഗിരീഷ് കാലിയ പറഞ്ഞു.
അതിർത്തി സുരക്ഷാ സേനയുടെ പരിശ്രമത്തിലൂടെയാണ് ജമ്മുകശ്മീരിന്റെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതെന്നും ഇതിലൂടെ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയ്‌ക്ക് പുരോഗതി ഉണ്ടായതായും ഗിരീഷ് കാലിയ ചൂണ്ടിക്കാട്ടി. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുപ്‌വാരയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 10 തവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. 27 ഭീകരരെ നുഴഞ്ഞുകയറുന്നതിനിടെ വധിച്ചു. നമ്മുടെ അതിർത്തിയുടെ മറുവശത്തുള്ള ഭീകരർ കശ്മീരിലെ സമാധാനം തകർക്കാൻ നിരന്തരമായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ലഷ്‌കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുപ്‌വാര പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കുപ്‌വാര മേഖലയിൽ തിരച്ചിൽ നടത്തിയത്.