മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വധ ഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന ഇ-മെയിൽ സന്ദേശമാണ് അംബാനിക്ക് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തും. ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച ഷൂട്ടേഴ്‌സ് ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
മുകേഷ് അംബാനിയുടെ സെക്യൂരിറ്റി-ഇൻ-ചാർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 27ന് ലഭിച്ച ഭീഷണി സന്ദേശം ഷദാബ് ഖാൻ എന്നയാളാണ് അയച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ശതകോടീശ്വരനായ മുകേഷ് അംബാനിക്കെതിരെ ഇതിന് മുമ്പും നിരവധി തവണ വധഭീഷണി ഉയർന്നിട്ടുണ്ട്. 2021ൽ അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് നിന്നും സ്‌ഫോടക ശേഷിയുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.