ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചത്.
‘ഏഷ്യൻ പാരാ ഗെയിംസിൽ നമ്മുടെ താരങ്ങൾ 100 മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ്. സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണിത്. ഈ വിജയം നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്. കായികതാരങ്ങളെയും അവരുടെ പരിശീലകരെയും അവരെ പിന്തുണയ്‌ക്കുന്ന മുഴുവൻ പേരെയും ഈ നിമിഷത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വിജയം എല്ലാവർക്കും പ്രചോദനം നൽകുന്നു. യുവാക്കൾക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഈ വിജയം’പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ടി-47 ഇനത്തിൽ ദിലീപ് ഗാവിറ്റ് സ്വർണം നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. 2018-ൽ ജക്കാർത്തയിൽ നടന്ന പാരാ ഗെയിംസിലായിരുന്നു ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയത്. 15 സ്വർണവും 24 വെള്ളിയും 33 വെങ്കലവുമടക്കം 72 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ അന്ന് നേടിയെടുത്തത്.















