ചണ്ഡീഗഡ്: പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരരുടെ ഒളിത്താവളങ്ങൾ സുരക്ഷാ സേന തകർത്തു. ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ നാല് ഭീകരരെ പോലീസ് പിടികൂടി. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ പിടിയിലായത്. ഭീകരരിൽ നിന്ന് മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തു. ദീപാവലി ആഘോഷങ്ങൾക്കിടെ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി.
പാകിസ്താനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ കടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ഭീകരരിൽ നിന്ന് ആറ് പിസ്റ്റളുകളും 275 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിർത്താനാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പും ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ മൂന്ന് ഭീകരരെ പോലീസ് പിടികൂടിയിരുന്നു. നിരവധി മാരകായുധങ്ങളാണ് ഭീകരരിൽ നിന്ന് പിടികൂടിയത്. ലുധിയാന കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഹർപ്രീത് ഹാപ്പിയുമായി പിടികൂടിയ ഭീകരർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.