ന്യൂഡൽഹി: പൊതു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. റോഡ്- റെയിൽ ഗതാഗത സംവിധാനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു കഴിഞ്ഞു. വിവിധ ദേശീയ പാതകളുടെയും എക്സ്പ്രസ് ഹൈവെകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. റെയിൽ ഗതാഗതത്തിന്റെ ഗതിയും വേഗവും മാറ്റുന്ന പുത്തൻ ചുവടുവെപ്പായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ വരവ്. 2019 ഫെബ്രുവരിയിലാണ്. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. അതിനുശേഷം, 33 വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിത്തുടങ്ങി.
വന്ദേഭാരത് സർവീസുകൾ പൊതുജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് രാജ്യമെമ്പാടും കാണാൻ കഴിയുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ആദ്യ ചോയ്‌സ് ആയി ഇത് മാറിയതായി റെയിൽവേയുടെ വിവിധ സോണുകളിൽ കണക്ക് തന്നെ വ്യക്തമാക്കുന്നു. കൂടാതെ ആഭ്യന്തര വിമാന നിരക്കിൽ കുറവ് വരാൻ പോലും ഇത് കാരണമായെന്നും വിലയിരുത്തുന്നു.
തിരുവനന്തപുരം-കാസർകോട്, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, ജാംനഗർ-അഹമ്മദാബാദ്, ഡൽഹി-ജയ്പൂർ വന്ദേഭാരത്തിന്റെ വരവൊടെ ഈ റൂട്ടിലെ വിമാന നിരക്കിൽ 30 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപൊലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 10-20 ശതമാനത്തോളം കുറവും ഉണ്ടായി.
വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന 60 ശതമാനം യാത്രക്കാരും 25 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്നും മന്ത്രാലയ രേഖ വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷ ഭേദമന്യേയുള്ള കണക്കാണിത്. വേഗത, സുഖസൗകര്യങ്ങൾ, താങ്ങാനാവുന്ന നിരക്കുകൾ എന്നിവ കാരണം, 25-34 വയസ് പ്രായമുള്ള ചെറുപ്പക്കാർ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ, വന്ദേ ഭാരത് ഇന്ത്യയിലെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ചോയ്സായി മാറിക്കഴിഞ്ഞിരിക്കുന്നു. ട്രാഫിക്കിനെക്കുറിച്ചുള്ള ആശങ്കകളും താങ്ങാനാവുന്ന നിരക്കും കാരണം ദൈനംദിന യാത്രയ്‌ക്ക് ഈ ട്രെയിനുകളെ തിരഞ്ഞെടുക്കുന്നവരുമുണ്ട്. മുതിർന്ന പൗരന്മാർ പോലും വന്ദേ ഭാരത് എക്സ്പ്രസിനൊപ്പം യാത്ര ചെയ്യാൻ ഏറെ താൽപര്യം കാണിക്കുന്നതായി റെയിൽവെയുടെ കണക്കുകൾ വ്യക്തമാക്കുന്നു.