മലയാളികളുടെ മനസ്സിൽ എന്നും ഓർത്തു വെക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് നവ്യാ നായർ. വിവാഹ ശേഷം സിനിമയിൽ ചെറിയൊരു ഇടവേളെയെടുത്തെങ്കിലും ഇന്നും സജീവമായി തന്നെ നവ്യയുണ്ട്. നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം താരത്തിനുണ്ടായ ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഒരു യാത്രക്കിടെ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ സിനിമാതാരം നവ്യയയാണെന്ന് പറഞ്ഞു മനസ്സലാക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് നവ്യയ്‌ക്കും സുഹൃത്തുക്കൾക്കും ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്. നവ്യയെ കണ്ട കടയിലെ ജീവനക്കാരി ലീല മുൻപ് എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ ആരാണ് എന്നതിനെക്കുറിച്ച് യാതൊരു പിടിയുമില്ലെന്നും ലീല പറഞ്ഞു.
View this post on Instagram
ഇതിനു പിന്നാലെ താൻ ആരാണെന്ന് തെളിയിച്ചുകൊടുക്കുന്ന രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. കടയിൽ എത്തിയപ്പോൾ നവ്യ ഒരു തൊപ്പി ധരിച്ചിരുന്നു. തൊപ്പി വെച്ചത് കൊണ്ടാകാം തന്നെ മനസ്സിലാകാത്തതെന്ന് പറഞ്ഞ് തൊപ്പിമാറ്റിയ ശേഷം മനസ്സിലായോ എന്ന് ലീലയോട് ചോദിച്ചു. എന്നാൽ അപ്പോഴും താരത്തെ മനസ്സിലായില്ലെന്ന് ജീവനക്കാരി പറഞ്ഞു.
ചേച്ചി സിനിമയിൽ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ വീണ്ടും ചോദിച്ചു. ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി. ഒടുവിൽ നന്ദനം സിനിമയിലെ ബാലാമണിയാണെന്ന് താനെന്ന് നവ്യ പറഞ്ഞു. എന്നാൽ അപ്പോഴും ലീലയ്‌ക്ക് അത് സിനിമ നടി നവ്യാ നായരാണെന്ന് വിശ്വസിക്കാനായില്ല. ഒടുവിൽ നവ്യയും സുഹൃത്തുക്കളും ചേർന്ന് ഒരു തരത്തിൽ ലീലയെ മനസ്സിലാക്കിക്കുകയായിരുന്നു.