പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം ആദ്യം ലഡാക്കിൽ വച്ച് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ റാപ്പ് കഴിഞ്ഞുള്ള ചിത്രം പൃഥ്വിരാജ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് L2 എമ്പുരാൻ. വ്യത്യസ്തമായ കഥാപ്രമേയത്തിലൂടെ ആരാധകർക്കിടയിൽ ആവേശം കൊള്ളിച്ച ചിത്രമാണ് ലൂസിഫർ. ഖുറേഷി എബ്രഹാം എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയായി എന്ന സസ്‌പെൻസ് കാഴ്ചക്കാർക്ക് സമ്മാനിച്ച് കൊണ്ടാണ് ലൂസിഫർ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ അതിനുള്ള ഉത്തരം കണ്ടെത്തുവാൻ ആരാധകർ കാത്തിരിക്കുകയാണ്. ഖുറേഷി അബ്രഹാമിന്റെ തിരിച്ചു വരവിനായി.
ലൂസിഫറിന്റെ രചന നിർവഹിച്ച മുരളിഗോപി തന്നെയാണ് എമ്പുരാന്റെയും രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ 2024 ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന. മഞ്ജുവാര്യർ, ഇന്ദ്രജിത്ത്,ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ആശിർവാദ് സിനിമാസ്, ലൈക പ്രെഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്.