ആർ ഹരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. രാഷ്‌ട്രം ഒന്നാമത്തേതും മറ്റെല്ലാം രണ്ടാമത്തേതുമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭയെയാണ് ആർ.എസ്.എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരിയുടെ വേർപാടോടെ രാജ്യത്തിന് നഷ്ടമായത്. സർവ്വവും സമാജ നന്മക്ക് വേണ്ടി സമർപ്പിക്കുകയും സംഘ മാർഗ്ഗത്തിലൂടെ ആത്മ നിർവൃതി കണ്ടെത്തുകയുമായിരുന്നു രംഗ ഹരിയെന്ന ഹരിയേട്ടന്റെ ജീവിതം.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളിൽ ഒളിപ്രവർത്തനങ്ങൾക്ക് വിജയകരമായി ചുക്കാൻ പിടിക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംവാദകനുമായ ആർ. ഹരി പതിനൊന്നു ഭാഷകൾ അനായാസമായി കൈകാരും ചെയ്തിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ബൗദ്ധിക തലത്തിൽ അദ്ദേഹത്തിന് വഴങ്ങാത്ത ഒരു വിഷയവും ഉണ്ടായിരുന്നില്ല.
അസുഖത്തെ തുടർന്ന് മായന്നൂർ ബാലാശ്രമത്തിൽ വിശ്രമത്തിലായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. ഈ വേളയിൽ എന്റെ ചില പുസ്തകങ്ങൾ അദ്ദേഹത്തിന് സമ്മാനിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം എനിക്ക് തരികയുമുണ്ടായി. ഒടുവിൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. സർവ്വസംഗ പരിത്യാഗിയായ ജേഷ്ഠ സഹോദരന്റെ ഓർമ്മയ്‌ക്ക് മുമ്പിൽ അന്ത്യ പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.