ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മൂന്ന് മാസത്തിനുള്ളിൽ വിചാരണ നടപടി പൂർത്തിയാക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
വിചാരണ നടപടി കൃത്യ സമയത്ത് പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയയ്‌ക്ക് ജാമ്യാപേക്ഷ നൽകാൻ സാധിക്കും. ഒക്ടോബർ 17 നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്. മദ്യനയ കുംഭകോണ കേസിലെ ഗൂഢാലോചനയിൽ സിസോദിയ പ്രധാനപങ്ക് വഹിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 26-നാണ് മദ്യനയ കുംഭകോണ കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഫെബ്രുവരി 28-ന് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.















