എറണാകുളം: വ്ലോഗർ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യ രംഗത്ത്. ഗർഭിണി ആയിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് യുവതി പറഞ്ഞു. നിരവധി സ്ത്രീകൾ ഷാക്കിറിന്റെ കെണിയിൽ വീണെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും വെളിപ്പെടുത്തലെന്നും ഇവർ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി അറിയിച്ചു. കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇയാൾ ബ്ലാക്ക്മെയിൽ ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഒരു മാദ്ധ്യമത്തിനോടായിരുന്നു മല്ലു ട്രാവലറിന്റെ മുൻ ഭാര്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാൻ ഗർഭിണി ആയിരിക്കുന്ന സമയത്ത് ഷാക്കിർ എന്റെ വയറിൽ ചവിട്ടി എനിക്ക് അബോർഷനായി. എന്റെ 15-ാമത്തെ വയസ്സിലാണ് ആ സംഭവം നടക്കുന്നത്. എന്റെ ഉമ്മയെ പോലും ഒരു ഉമ്മ എന്ന നിലയിൽ അല്ലായിരുന്നു അവൻ കണ്ടിരുന്നത്. പല രീതിയിലും എന്റെ ഉമ്മയെ പോലും ബ്ലാക്ക് മെയിൽ ചെയ്യുമായിരുന്നു. എന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പല പുരുഷന്മാരോടും ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു.
ഞാൻ ഗർഭിണി ആയിരുന്ന സമയത്ത് മദ്യം കുടിയ്ക്കാനും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അവൻ ഇപ്പോൾ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അതെന്റെ ഔദാര്യം മാത്രമായിട്ടാണ് ഞാൻ കരുതുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരുപാട് മോശമായിട്ട് എന്നെ കുറിച്ച് പറയുന്നുണ്ട്. സത്യത്തിൽ ഞാൻ അങ്ങനെ ഒരാളല്ല, എന്റെ മകനെ ഉപേക്ഷിച്ചിട്ട് പോയിട്ടുമില്ല. എനിക്ക് ലീഗലായിട്ട് ഡിവോഴ്സ് ലഭിച്ചതാണ്. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയതും ഈ ഷാക്കിർ എന്ന വ്യക്തി തന്നെയാണ്. എന്റെ കുടുംബത്തിനും എനിക്ക് പരിചയമുള്ള പലർക്കും ഷാക്കിറിൽ നിന്നും ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.
സ്വന്തം നമ്പർ ഉപയോഗിക്കാതെ സ്നാപ് ചാറ്റ് വഴിയാണ് ഷാക്കിർ പെൺകുട്ടികളുമായി കോൺടാക്ട് വെയ്ക്കുന്നത്. അതിനാൽ, അവർക്ക് ഇവാനാതെന്ന് തെളിയിക്കാൻ കഴിയില്ലായിരുന്നു. ഷാക്കിർ അശ്ലീല വീഡിയോകൾ കാണുമായിരുന്നു. ഞാൻ ഗർഭിണി ആയിരിക്കുന്ന സമയത്ത് ഇത്തരത്തിൽ ഒരു വീഡിയോ എനിക്ക് കാണിച്ച് തരുകയും എനിക്ക് അത് ഇഷ്ടമല്ലാത്തതിനാൽ എന്റെ വയറിൽ ചവിട്ടുകയും ചെയ്തു. എന്റെ പതിനഞ്ചാമത്തെ വയസിലായിരുന്നു ഇത്തരത്തിൽ സംഭവിച്ചത്.
പെട്ടെന്ന് എനിക്ക് സ്ട്രോക്ക് വന്നിരുന്നു. ഈ സമയത്ത് എനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു,. എന്നാൽ, ഷാക്കിർ ആ സമയത്ത് എനിക്ക് മെന്റൽ ആണെന്ന് പറഞ്ഞ് മെന്റൽ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. എനിക്ക് മാനസിക പ്രശ്നങ്ങളാണ്. ശാരീരിക പ്രശ്നങ്ങളെല്ലാം ഞാൻ അഭിനയിക്കുന്നതാണെന്നാണ് ഷാക്കിർ പറഞ്ഞത്. ഇപ്പോൾ ഞാൻ ഒരു ഹാർട്ട് പേഷ്യന്റും ബ്ലഡ് ക്യാൻസർ പേഷ്യന്റുമാണ്. അന്ന് എന്നെ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നടത്തിയിരുന്നെങ്കിൽ, എന്റെ രോഗം ഇത്രയും ഗുരുതരം ആകില്ലായിരുന്നു.
ഇത് കൂടാതെ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒളിക്യാമറയും ഇയാൾ വെച്ചിട്ടുണ്ട്. അത് പറഞ്ഞും എന്നെ ബ്ലാക്ക്മെയിൽ ചെയ്യുമായിരുന്നു.
എന്റെ പേരിൽ ഫെയ്ക്ക് ഐഡി ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു. ഇതിന് സൈബർ ആക്ട് പ്രകാരം ഞാൻ ഇയാൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ടായിരുന്നു. ഗർഭിണി ആയിരുന്ന സമയത്ത് എന്നെ ഉപദ്രവിച്ചതും കേസായിരുന്നു. എനിക്ക് 15 വയസ്സ് ആയതിനാൽ അത് പോക്സോ കേസ് ആയിരുന്നു. എന്നാൽ, വിദേശത്ത് ജോലിക്ക് പോകണം അതിനാൽ കേസ് ക്ലോസ് ചെയ്യണമെന്ന് അവന്റെ ഉമ്മ എന്നെ വിളിച്ച് പറയുമായിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ക്ലോസ് ചെയ്തു. സത്യത്തിൽ അവൻ മല്ലു ട്രാവലർ എന്ന നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ അതെന്റെ ഔദാര്യമാണ്.’- മല്ലു ട്രാവലറിന്റെ മുൻ ഭാര്യ പറഞ്ഞു.