ഗാന്ധിനഗർ: ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കാൻ തങ്ങൾക്ക് ഊർജ്ജം പകരുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ താൻ പൂർണമായും നിറവേറ്റുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഗുജറാത്തിലെ മെഹ്‌സാനയിൽ 5,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും ലോകമെമ്പാടും നിന്ന് ലഭിക്കുന്ന പ്രശംസയ്‌ക്കും കാരണമായി പ്രവർത്തിക്കുന്നത് രാജ്യത്തെ ജനങ്ങൾ നൽകുന്ന ശക്തിയാണ്. നിങ്ങൾ തരുന്ന പിന്തുണയും പ്രചോദനവുമാണ് ഓരോ തീരുമാനം എടുക്കുന്നതിലും കേന്ദ്രസർക്കാരിനെ സ്വാധീനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നിങ്ങളുടെ നരേന്ദ്രഭായിയെ അറിയാം. ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ നരേന്ദ്രഭായി അത് നിറവേറ്റുമെന്നും നിങ്ങൾക്ക് നന്നായി അറിയാം. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും വേണ്ടി വർഷങ്ങളായി പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ ഞാൻ പൂർണമായും നിറവേറ്റും. അതിന് കരുത്ത് പകരുന്നത് നിങ്ങളാണ്’- നരേന്ദ്രമോദി പറഞ്ഞു.
5,800 കോടി രൂപയുടെ വികസനത്തിന്റെ ഭാഗമായി വിരാംഗം-സമഖിയാലി റെയിൽ പാത വികസിപ്പിക്കൽ, റോഡ് ഇരട്ടിപ്പിക്കൽ, ഗാന്ധിനഗർ ജില്ലയിലെ വിജാപൂർ, മാനസ താലൂക്കിലെ വിവിധ തടാകങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ, സബർമതി നദിയിൽ തടയണ നിർമ്മിക്കൽ, ഗ്രാമപ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം, ലൈഫ്‌ലൈൻ പദ്ധതികൾ, ജലശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.















