തിരുവനന്തപുരം: ടിക്കറ്റ് എടുത്തതിൽ ബാക്കി പണം നൽകാത്തതിനെ ചൊല്ലി കെഎസ്ആർടിസി ബസിൽ സംഘർഷം. യാത്രക്കാരും കണ്ടക്ടറും തമ്മിലാണ് സംഘർഷം നടന്നത്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ ബസിലാണ് സംഭവം. ബസ് ആറാലുംമൂടിൽ എത്തിയപ്പോഴായിരുന്നു യാത്രക്കാരനായ അനിൽ കുമാറും കണ്ടക്ടർ ശ്യാം ഒളിവർ ജെസിയും തമ്മിൽ തർക്കം ആരംഭിക്കുന്നത്.
ടിക്കറ്റ് എടുത്ത ശേഷം ബാക്കി ആവശ്യപ്പെട്ട യാത്രക്കാരന് പണം കണ്ടക്ടർ നൽകിയില്ല. ഇതോടെ വാക്കേറ്റത്തിൽ എത്തുകയും സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു. തുടർന്ന് യാത്രക്കാരും കണ്ടക്ടർക്ക് നേരെ തിരിഞ്ഞു. ബാക്കി കിട്ടാതെ പോകില്ലെന്ന നിലപാടിൽ എത്തിയ അനിൽ കുമാർ ബസിന് മുന്നിൽ കയറി കിടന്നു.
പോലീസ് എത്തിയ ശേഷമാണ് യാത്രക്കാരനെ ബസിന് മുന്നിൽ നിന്നും മാറ്റിയത്. ഇതിന് ശേഷമാണ് ബസ് നെയ്യാറ്റിൻകരയിലേക്ക് പോയത്.