അബുദാബി: ദുബായിൽ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് വീണ്ടും കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വർദ്ധന. ഷാർജ ഉൾപ്പടെയുള്ള മിക്ക എമിറേറ്റുകളിലും വാടക തുക കൂടിയിട്ടുണ്ട്. ദുബായിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെസിഡൻഷ്യൽ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താൽ 2.1 ശതമാനമാണ് വളർച്ച. പ്രമുഖ റിയൽ എസ്റ്റേറ്റ് മൂല്യനിർണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
വില്ലകളുടെ വാടകയിൽ 38.7 ശതമാനം വർദ്ധനവുണ്ടായി. അപ്പാർട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വർദ്ധിച്ചു. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിവർഷം ശരാശരി വാടക 51,000 ദിർഹം, ഒരു കിടപ്പുമുറിക്ക് 75,000 ദിർഹം, രണ്ട് കിടപ്പുമുറികൾ 1,11,000 ദിർഹം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് 1,70,000 ദിർഹം എന്നിങ്ങനെയാണ് ശരാശരി വാടക. മൂന്ന് ബെഡ്‌റൂം വില്ലകളുടെ ശരാശരി വാർഷിക വാടക 3,12,000 ദിർഹവും നാല് ബെഡ്ഡുകൾക്ക് 3,83,000 ദിർഹവും അഞ്ച് ബെഡ്‌റൂം വില്ലകൾക്ക് 4,92,000 ദിർഹവുമാണ്. അതേസമയം വാടക തുക കുതിച്ചുയർന്നതോടെ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നവരും നിരവധിയുണ്ട്. മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള കെട്ടിടങ്ങൾക്കും വാടക നിരക്ക് ഉയരുകയാണ്.