ജയ്പൂർ: രാജസ്ഥാൻ നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. നിലവിലെ എംഎൽഎമാർക്ക് സീറ്റ് നൽകിക്കൊണ്ടാണ് സിപിഎം പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ ഇൻഡി സഖ്യത്തിന്റെ ഭാഗമാണെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ് സിപിഎമ്മുമായി സഹകരിക്കാതെയാണ് മത്സരിക്കുന്നത്.
നിരവധി ചെറുപാർട്ടികളുമായി ധാരണയുണ്ടാക്കി 2018 നിയമസഭ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ സിപിഎം മത്സരിച്ചെങ്കിലും കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇത്തവണ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 11 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. തുടർന്ന് 17 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ആകെ 200 സീറ്റുകളാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. നിലവിൽ കോൺഗ്രസിന് 107 സീറ്റുകളും ബിജെപിക്ക് 70 സീറ്റുമാണുള്ളത്. ആൽപി(3), ബിടിപി(2), ആർഎൽഡി( 1), സിപിഎം(2), ശിവസേന ( 1 ) എന്നിവയാണ് സഭയിൽ പ്രാതിനിധ്യമുള്ള മറ്റുപാർട്ടികൾ. 13 സ്വതന്ത്രന്മാരും സഭയുടെ ഭാഗമാണ്.
2023 നവംബർ 25 ന് ഒറ്റ ഘട്ടമായാണ് രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ- 3 നാണ് വോട്ടെണ്ണൽ.