ഇസ്ലാമാബാദ്: അഭയാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിന് പുറമെ അഫ്ഗാൻ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടി പാകിസ്താൻ. ഏകദേശം 1.7 ദശലക്ഷത്തോളം അഭയാർത്ഥികൾ രാജ്യത്തുണ്ടെന്നാണ് പാകിസ്താന്റെ കണക്ക്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായിരുന്നു.
ഇപ്പോൾ പാകിസ്താനിലെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും അഫ്ഗാനിൽ നിന്നെത്തിയ പെൺകുട്ടികളെ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെൺകുട്ടികൾ സെക്കന്ററി വിദ്യാഭ്യാസം നേടുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്ത് അഭയാർത്ഥികളായി താമസിക്കുന്ന എല്ലാവരും നവംബർ ഒന്നിന് മുൻപ് രാജ്യം വിട്ടു പോകണമെന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായാണ് സ്‌കൂളുകൾ അടച്ച് പൂട്ടിയത്. താലിബാൻ അധികാരത്തിലേറിയതോടെ പാകിസ്താനിലേക്ക് അഭയാർത്ഥികളുടെ കുത്തൊഴുക്കാണെന്ന് യുഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ആറ് ലക്ഷത്തിലധികം പേർ ആ ഒരു കാലയളവിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താനിലേക്ക് എത്തിയിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പാകിസ്താന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ നിരവധി കുടുംബങ്ങൾ പാകിസ്താനിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്. 86,000ത്തോളം അഫ്ഗാൻ പൗരന്മാർ അനധികൃതമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് പാകിസ്താൻ പറയുന്നത്. മുന്നറിയിപ്പ് കിട്ടിയിട്ടും രാജ്യത്ത് തുടരുന്നവരെ നാടു കടത്തുമെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.















