ലക്‌നൗ: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 148-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. ഏകതാ ദിവസത്തിനോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലക്‌നൗ നഗരത്തിൽ ‘റൺ ഫോർ യൂണിറ്റി’ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ ഐക്യം ചുണ്ടിക്കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
”ഐക്യത്തിന്റെ പ്രതീകമായ സർദാർ വല്ലഭഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞാൻ ആദരം അർപ്പിക്കുന്നു. 1947 -ൽ ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ രാജ്യത്തിന് സമർപ്പിച്ച പ്രയത്‌നങ്ങൾക്ക് സർദാർ വല്ലഭഭായ് പട്ടേലിന് അർഹിക്കുന്ന അംഗീകാരം കൊടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ 2014-ലെ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോൾ പട്ടേലിന്റെ പ്രയത്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു മുന്നിൽ തുറന്നു കാണിച്ചു. മുതിർന്നവരെന്നോ, കുട്ടികളെന്നോ വേർതിരിവില്ലാതെ ഐക്യത്തോടെയും സമാധാനത്തോടെയും പ്രവർത്തിക്കാൻ നമുക്ക് സാധിക്കട്ടെ” – യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ ആദരം അർപ്പിച്ചു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിൽ നടന്ന ചടങ്ങിൽ ഏകതാ സത്യവാചകം ചൊല്ലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലഭഭായ് പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്.