ടെൽ അവിവ്: ഹമാസിനെതിരെ കരയുദ്ധം ശക്തമാക്കുന്നതിനിടയിൽ തടവിൽ നിന്നും ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥയെ കൂടി മോചിപ്പിച്ചു. ഓറി മെഗിദിഷ് എന്ന സൈനിക ഉദ്യോഗസ്ഥയെയാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച ഒരാളെകൂടി മോചിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയാണ് അറിയിച്ചത്. ഒക്ടോബർ 7 നായിരുന്നു ഒറി മെഗിദിഷിനെ ഹമാസ് ഭീകരർ ബന്ദിയാക്കിയത്.
മോചനത്തെക്കുറിച്ച് ഐഡിഎഫ് ട്വിറ്ററിലൂടെ ആയിരുന്നു അറിയിച്ചത്. ‘ ഒക്ടോബർ 7-ന് മെഗദീഷിനെ ഹമാസ് തട്ടിക്കൊണ്ട് പോയി. ഇന്ന് രാത്രി ഗ്രൗണ്ട് ഓപ്പറേഷനുകൾക്കിടെ അവളെ വിട്ടയച്ചു. ഓറി മെഗിദിഷ് ഇപ്പോൾ വീട്ടിലാണ്, അവളുടെ കുടുംബത്തോടൊപ്പം.’- ഐഡിഎഫ് പോസ്റ്റ് ചെയ്തു.
ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇസ്രായേലുമായുള്ള യുദ്ധം ശക്തമായതിന് പിന്നാലെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ ഹമാസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നെതന്യാഹുവിനും അയാളുടെ സർക്കാരിനുമുള്ള സന്ദേശമാണിതെന്ന് പറഞ്ഞു കൊണ്ടാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഹമാസ് പുറത്ത് വിട്ടത്. യെലേന ട്രുപനോവ്, ഡാനിയേൽ അലോനി, റിമോൺ കിർറ്റ് എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഇസ്രായേൽ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം ഇവർ വലിയ ഉച്ചത്തിൽ കരയുന്നതും കേൾക്കാം. എന്നാൽ ഇവർ ഇവിടെയാണെന്നോ, ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല.
എന്നാൽ ഹമാസിന്റേത് അങ്ങേയറ്റം ക്രൂരവും നീചവുമായ നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും സുരക്ഷിതരായി വീടുകളിൽ തിരികെ എത്തിക്കും. തന്റെ ഹൃദയം എന്നും ബന്ദികളാക്കപ്പെട്ടവരോടൊപ്പമായിരിക്കുമെന്ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെതന്യാഹു പറഞ്ഞു.