തിരുവനന്തപുരം; സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ശബരിമല തീർത്ഥാടന സമയത്ത് അനിശ്ചിതകാല സമരം നടത്തി സമ്മർദം ചെലുത്താനാണ് ബസ്സുടമകൾ ശ്രമിക്കുന്നതെന്ന് ആന്റണി രാജു പറഞ്ഞു. അനിശ്ചിതകാല സമരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ മന്ത്രി സമരം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
വിദ്യാർത്ഥി കൺസഷൻ ഉയർത്തുക, 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ്സുകൾ രാവിലെ ആറ് മണി മുതൽ സൂചന സമരം ആരംഭിച്ചത്. 21 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
മദ്ധ്യകേരളത്തെയും വടക്കൻ കേരളത്തയും ബസ് പണിമുടക്ക് ബാധിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ സർവീസ് നടത്തി. അതേസമയം നാളെ മുതൽ ബസ്സുകളിലും ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ ഉത്തരവിൽ ഗതാഗത വകുപ്പ് മാറ്റം വരുത്തി. നവംബർ ഒന്നിന് ശേഷം ഫിറ്റ്‌നസ് ഹാജരാക്കുന്ന വാഹനങ്ങൾക്കാണ് നിബന്ധന എന്നാണ് പുതിയ ഉത്തരവ്.















