സാമ്പത്തികമായി തകർന്നു നിന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സുരേഷ് ഗോപി പരസ്യം ഒഴിവാക്കിയതിനെ കുറിച്ച് മനസ് തുറന്നത്. പ്ലാച്ചിമേട സമരത്തിന്റെ കൂടെ നിന്ന തനിക്ക് ഒരിക്കലും പെപ്സിയുടെ പരസ്യം ചെയ്യാൻ സാധിക്കില്ല. ഒപ്പം കുട്ടികൾക്ക് ദോഷമായ കാര്യത്തെ പ്രമോട്ട് ചെയ്യാൻ കൂടെ നിൽക്കാൻ തനിക്ക് പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
”പെപ്‌സിയുടെ പരസ്യം ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു. അതാണ് ആമിർ ഖാൻ ഹിന്ദിയിൽ ചെയ്തത്. ലാബിലൊക്കെ പോയി ടെസ്റ്റ് ചെയ്തിട്ട്, ഇത് ഞാൻ ടെസ്റ്റ് ചെയ്തു എനിക്ക് മനസിലായി എന്നൊക്കെ പറഞ്ഞിട്ടാണ് അമീർ അതിൽ അഭിനയിച്ചത്. അതിൽ അഭിനയിച്ചതിന് അമീറിന് ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.”
”ഞാൻ പ്ലാച്ചിമട സമരസമിതിയുടെ കൂടെ നിന്നയാളാണ്. എനിക്ക് അതുകൊണ്ട് പറ്റില്ല. എനിക്കറിയാം പാലക്കാട് കർഷകന്റെ തൊള്ളയാണ് കീറിയതെന്ന് . നമ്മൾ കാണുന്ന കാഴ്ചസത്യമല്ല, അതിന്റെ ഉള്ള് വളരെ വികൃതമാണ്… പ്ലാച്ചിമേടയിലെ പെപ്സിയുടെ പ്രവർത്തനത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞു.
തിരക്ക് പിടിച്ച സിനിമ ജിവിതത്തിനിടയിൽ രാഷ്‌ട്രീയത്തിൽ വന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീകരണമിതായിരുന്നു. “ഇത് എന്റെ റെസ്പോൺസിബിളിറ്റിയാണ്. വളർത്തി വലുതാക്കിയ ജനതയ്‌ക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ എനിക്കൊരു പ്ലാറ്റ്ഫോം കിട്ടി. അതിന് വേണ്ട നീക്കങ്ങൾ അവിടെ ഇരുന്ന ആറ് വർഷവും ചെയ്തിരുന്നു. ഇപ്പോഴും ചെയ്യുന്നുണ്ട്”.
“രാഷ്‌ട്രീയത്തിൽ ഇല്ലാത്ത കാലത്തും ഓരോ കാര്യങ്ങളെ കുറിച്ച് വന്ന് പറയുമ്പോൾ ഓ… അതൊക്കെ അങ്ങ് നടക്കും, എന്ന് പറഞ്ഞ് പോകാൻ എന്നക്കൊണ്ട് ഒക്കത്തില്ല. അപ്പോൾ അതിൽ ഇടപെടും. അത് ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെടാത്തവർ എന്നെ ദ്രോഹിക്കും. ആ ദ്രോഹം അസഹനീയമായ സമയത്താണ് ഞാൻ നിശ്ചയിച്ചത് തനിക്ക് പ്ലാറ്റ് ഫോം ആവശ്യമാണെന്ന്. പിന്നീട് അതിൽ ചേർന്നപ്പോൾ ഉപദ്രവിച്ചവരുടെയൊക്കെ മുനയൊടിഞ്ഞു. ഇനിയും ഒടിക്കും. കാരണം അത് ഫോൾസ് മുനയാണ്, അത് അവരുടെ കൂട്ടത്തിലുള്ള ആളുകൾക്ക് നേരെ നീട്ടിയാൽ മതി”… അദ്ദേഹം കൂട്ടിച്ചേർത്തു.















