ന്യൂഡൽഹി: ആപ്പിൾ 150 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഹാക്കിംഗ് സന്ദേശം അയച്ചതായുള്ള വിവരങ്ങൾ പുറത്ത്. കേന്ദ്ര ഐടി മന്ത്രിയാണ് വാർത്താ സമ്മേളനത്തിലൂടെ വിവരം പുറത്തുവിട്ടത്. ആപ്പിൾ ഇത്തരത്തിൽ നിരവധി പേർക്ക് അലർട്ട് അയച്ചതായും അതിൽ 150 രാജ്യങ്ങളിലുള്ളവരുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി അശ്വനി കുമാർ വൈഷ്ണവ് പറഞ്ഞു. ഇക്കാര്യം ആപ്പിൾ തന്നെ വ്യക്തമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ഉപോയക്താക്കൾക്ക് അയക്കുന്ന മെസേജുകൾ എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നാണ് ആപ്പിൾ നൽകിയ വിശദീകരണം. സാധ്യതകളെ അപേക്ഷിച്ചാണ് എല്ലായിപ്പോഴും ആപ്പിൾ സംവിധാനങ്ങൾ സൈബർ ആക്രമണങ്ങളെ തിരിച്ചറിയുന്നതെന്നും എന്നാൽ എപ്പോഴും ഇത്തരത്തിൽ അലർട്ടുകൾ ശരിയായിക്കൊള്ളണമെന്നില്ലെന്നും പുറത്തിറക്കിയ കുറിപ്പിൽ കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഉദ്ദവ് സേന എംപി പ്രിയങ്ക ചതുർവേദി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പവൻ ഖേര സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്ക് ഇത്തരത്തിൽ ഹാക്കിംഗ് മെയിൽ ലഭിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ പത്രസമ്മേളനം നടത്തിയിരുന്നു. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി കമ്പനിയും അത് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരും രംഗത്തുവന്നത്.















