കഴിഞ്ഞ ദിവസമാണ് മോഹൻലാൽ – ജോഷി ചിത്രം റമ്പാൻ പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ എത്തുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്.
സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കല്യാണി. റീൽസിലൂടെയും ഫോട്ടോഷൂട്ടിലൂടെയും മറ്റും ശ്രദ്ധേയമായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ സൂപ്പർ സ്റ്റാറിനൊപ്പം ആകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്ല്യാണി. ഇത്തരത്തിലൊരു വലിയ അവസരം സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി സിനിമയുടെ അനൗൺസ്മെൻ്റ് ചടങ്ങിൽ പറഞ്ഞു.
‘‘ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്. ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദിയുണ്ട്. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് എന്റെ സ്വപ്നമാണ്. സിനിമ ചെയ്യുവാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ’’–കല്യാണി പറഞ്ഞു.
അപ്പന്റെയും മകളുടെയും കഥയാണ് റമ്പാൻ. ചെറുപ്പത്തിൽ തരികിടയായിരുന്നയാൾ വളർന്നപ്പോൾ നന്നായതാണ് റമ്പാന്റെ കഥാപാത്രത്തെ പറ്റി ചെമ്പൻ വിനോദ് പറയുന്നത്. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. ചിത്രത്തിൽ പുതിയമുഖം വേണമെന്ന ചിന്ത ആദ്യം മുതലുണ്ടായിരുന്നു. അതിനായി കുറേപ്പേരെ അന്വേഷിച്ചെന്നും ഒടുവിൽ നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും മകൾ കല്യാണിയെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തതെന്നും ചെമ്പൻ പറഞ്ഞു.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ ഒടുവിൽ പുറത്തിറങ്ങിയത്. സിനിമയുടെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് റമ്പാന്‍ ഒരുങ്ങുന്നതെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കികുത്തി നിൽക്കുന്ന നായകനെയാണ് ഇന്നലെ എത്തിയ സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണാനാകുന്നത്.
ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. മീശ പിരിച്ച്, മുണ്ടും മടക്കികുത്തി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 2024ൽ റമ്പാന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2025 വിഷു റിലീസ് ആയി തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് സാധ്യത. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശത്തടക്കം ഷെഡ്യൂളുകൾ ഉണ്ടായിരിക്കും. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമ്മാണം. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.















