തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. നവംബർ 3, 4 തിയതിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കോമോറിയൻ മേഖലയ്‌ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് തെക്കേ ഇന്ത്യയിൽ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകാൻ ഇടയുള്ളതിനാൽ വെള്ളിയാഴ്‌ച്ച 9 ജില്ലകളിലും ശനിയാഴ്‌ച്ച 11 ജില്ലകളിലും യെല്ലോ അലർട്ടും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും കലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 3 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നവംബർ 4 -ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജാഗ്രതാ നിർദ്ദേശം
* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
* ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിനുള്ളിലേക്ക് മാറി നിൽക്കുക.
* ഇടിമിന്നൽ സമയത്ത് ജനലും, വാതിലും അടച്ചിട്ട ശേഷം കെട്ടിടത്തിനുള്ളിൽ തന്നെ ഇരിക്കുക. പരമാവധി ഭിത്തിയിലും തറയിലും സ്പർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
* ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കാനും കാഴ്‌ച്ചയും കേൾവിയും നഷ്ടപ്പെടാനും കാരണമായേക്കാം. ശക്തമായ മിന്നൽ ഏൽക്കുന്നത് ജീവഹാനി വരെ സംഭവിച്ചേക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാനും വൈദ്യ സഹായം നൽകുവാനും ശ്രമിക്കുക.















