ജാര്‍ഖണ്ഡ്: വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കരുത്തരായ ജപ്പാനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ അടുത്ത മത്സരം മൂന്ന് വട്ടം ചാമ്പ്യന്മാരായ കൊറിയക്കെതിരെ വ്യാഴാഴ്ചയാണ്.
ഇന്ത്യന്‍ ആക്രമണത്തിനും ജപ്പാന്‍ പ്രതിരോധത്തിനുമായിരുന്നു ഇന്നലത്തെ മത്സരം സാക്ഷ്യം വഹിച്ചത്. വന്ദന കതാരിയയുടെ 300-ാം അന്താരാഷ്‌ട്ര മത്സരമായിരുന്നു ഇത്. 300 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യ താരമെന്ന ഖ്യാതിയും വന്ദന ഇന്നലത്തെ മത്സരത്തോടെ സ്വന്തമാക്കി.
31-ാം മിനിട്ടില്‍ നവനീത് കൗറും 47-ാം മിനിട്ടില്‍ സംഗീത കുമാരിയുമാണ് ഇന്ത്യക്കായി വലകുലുക്കിയത്. 37-ാം മിനിട്ടിലായിരുന്നു കന ഉറാട്ടയുടെ ജപ്പാന്റെ ആശ്വാസ ഗോള്‍. കഴിഞ്ഞ മത്സരത്തില്‍ 7-1 ന് തായ്‌ലന്‍ഡിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ വരവ്















