കുതിച്ചുയർന്ന് ഒല സ്‌കൂട്ടർ വിൽപന. ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലുടനീളം 24,000 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റതായി ഒല ഇലക്ട്രിക് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന രണ്ട് മടങ്ങ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. പത്ത് മാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിക്കാനും ഒലയ്‌ക്ക് സാധിച്ചു.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ളത് ഒലയ്‌ക്കാണ്. ഏകദേശം 35 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ദീപാവലി വരാനിരിക്കുന്നതിനാൽ നവംബറിലും ഇതേ കുതിപ്പ് തുടരാനാണ് സാധ്യത. പത്ത് മാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിച്ച ഇന്ത്യയിലെ ഏക ഇവി കമ്പനി തങ്ങളാണെന്ന് ബെഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒല അവകാശപ്പെടുന്നു. ജനുവരി-ഒക്ടോബർ കാലയളവിൽ ഒരു ലക്ഷം യൂണിറ്റുകളായിരുന്നുവെങ്കിൽ പത്ത് മാസത്തിനിപ്പുറം 100 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്താൻ ഒലയ്‌ക്ക് കഴിഞ്ഞു.
ഉപഭോക്താക്കളെ ആകർഷിക്കാനായി ഒരുമാസം നീണ്ടുനിൽക്കുന്ന ഓല ഭാരത് ഇവി ഫെസ്റ്റും പ്രഖ്യാപിച്ചിരുന്നു. 7,000 രൂപ വിലമതിക്കുന്ന 5 വർഷത്തെ ബാറ്ററി വാറണ്ടി, എക്സ്ചേഞ്ച് ബോണസുകൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പാർട്‌നർ ബാങ്കുകളിൽ നിന്ന് 7,500 രൂപ വരെ ഡിസ്‌കൗണ്ടും സീറോ ഡൗൺ പേയ്മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 5.99 ശതമാനം വരെ കുറഞ്ഞ പലിശ നിരക്ക് എന്നിവയുൾപ്പെടെയുള്ള ഫിനാൻസ് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഓല ട1 പ്രോ ജെൻ2 ഇലക്ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും ഒരു S1 X+ ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്.















