ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
മൂന്നാറിലെ കയ്യേറ്റവും അനധികൃത നിർമാണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർദ്ദേശം. വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
മാത്രമല്ല കയ്യേറ്റഭൂമിയിൽ താമസമുള്ള കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാർ തുടരുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം അനുസരിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.















