ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദു മതന്യൂനപക്ഷ വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മേഖലയിലെ ഹിന്ദു വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഡാനിഷ്, ഈ ജനതയെ പിന്തുണയ്‌ക്കമെന്നും ആവശ്യപ്പെട്ടു. വർഷങ്ങളായി ഹിന്ദുക്കളായ ആളുകളാണ് ഇവിടെ താമസിക്കുന്നതെന്നും, എന്നാൽ ഇപ്പോൾ അവർ ഭവനരഹിതരാക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും ഡാനിഷ് പറയുന്നു.
” മതയുദ്ധം നടക്കുന്ന ഒരു സ്ഥലത്താണ് ഹിന്ദു ന്യൂനപക്ഷങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഓരോ ദിവസവും ഓരോ തരം പീഡനങ്ങൾക്കാണ് അവർ ഇരകളാകുന്നത്. എല്ലാത്തിനും നിസ്സഹായരായി നിന്ന് സാക്ഷ്യം വഹിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. എന്നാൽ അവർക്കൊപ്പം നിന്ന് അവർക്ക് നീതി ആവശ്യപ്പെടേണ്ട സമയമാണിതെന്നും” ഡാനിഷ് പറയുന്നു.
പ്രദേശത്തെ ഒരു മുസ്ലീം കുടുംബം ഹിന്ദുക്കളുടെ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന മാദ്ധ്യമവാർത്തയോടായിരുന്നു ഡാനിഷിന്റെ പ്രതികരണം. റിപ്പോർട്ടുകൾ പ്രകാരം മുസ്ലീങ്ങൾ ഈ പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകൾക്കും ഗ്രാമത്തിനും തീയിടുകയും അവരെ ഭവനരഹിതരാക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഈ വർഷം ജൂലൈയിൽ രണ്ട് ഹിന്ദു ക്ഷേത്രങ്ങളാണ് ഇസ്ലാമിക മതമൗലികവാദികൾ നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് സിന്ധ് പ്രവിശ്യയിലെ കാഷ്‌മോറിലുള്ള ക്ഷേത്രം അക്രമികൾ തകർത്തത്.
ഇതിന് പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30ഓളം ഹിന്ദുക്കളെ അക്രമികൾ ബന്ദികളാക്കിയതായി പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 2022ൽ മാത്രം 124 സ്ത്രീകളെ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 81 പേർ ഹിന്ദുക്കളും 42 പേർ ക്രിസ്ത്യാനികളും ഒരാൾ സിഖ് വംശജനുമാണ്.















