ഇടുക്കി: നെടുങ്കണ്ടം ഡീലേഴ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് റിപ്പോർട്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. ബാങ്കിൽ 4.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് തുടങ്ങിയവരും പ്രതി പട്ടികയിലുണ്ട്.
ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ നിക്ഷേപകർ എത്തിയതോടെയാണ് ക്രമക്കേടിന്റെ കാര്യം പുറംലോകം അറിയുന്നത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ബാങ്കിൽ ക്രമക്കേടുകൾ നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് നിരവധി നിക്ഷേപകരാണ് രംഗത്തെത്തിയത്. വീടു പണിക്കും ചികിത്സയ്‌ക്കുമായി മാറ്റി വച്ച പണമാണ് നഷ്ടമായതെന്ന് നിക്ഷേപകർ പറഞ്ഞു.
അതേസമയം ക്രമക്കേടിനെ തുടർന്ന് ബാങ്കിന്റെ മുൻ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ക്രമക്കേട് സംബന്ധിച്ച് പോലീസിനും സഹകരണവകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്നും ഭരണ സമിതി വ്യക്തമാക്കി.