ഗാസ: ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ പ്രത്യേക സഹായം. പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകൾ ഇസ്രായേലിലെത്തി. ഇന്നലെ നടന്ന ഹൂതി വിമതരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ ഇസ്രായേൽ മിസൈൽ ബോട്ടുകൾ വിന്യസിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ബന്ധികളെ മോചിപ്പിക്കാതെ ചർച്ചയ്‌ക്ക് ഇല്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചു നിൽക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മോചനത്തിന് സാങ്കേതിക സഹായം നൽകാൻ അമേരിക്കൻ കമാൻഡോകൾ എത്തിയിരിക്കുന്നത്. ബന്ധികളെ ഒളിപ്പിച്ചിരിക്കുന്ന ടണലുകൾ ശാസ്ത്രീയമായി കണ്ടെത്തി രക്ഷാദൗത്യം നടത്തുകയാണ് ലക്ഷ്യം. ബന്ധികളുടെ ആരോഗ്യം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിക്കുന്നുണ്ട്. രക്ഷാ ദൗത്യത്തിന് മുന്നോടിയായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹേർസഗുമായി ഫോണിൽ സംസാരിച്ചു.
വെള്ളിയാഴ്ച ഇസ്രായേൽ സന്ദർശിക്കാൻ ഇരിക്കുകയാണ് ബ്ലിങ്കൻ. ഇതുവരെ പതിനായിരത്തോളം സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. അതേസമയം ഗാസാ ജനതയെ കുടിയിറക്കരുത് എന്ന് അമേരിക്ക ആവർത്തിക്കുന്നുണ്ട്. ലെബനൻ അതിർത്തികളിൽ നിന്ന് ഇസ്ലാമിക് ജിഹാദും ഹിസ്ബുള്ളയും ആക്രമണം തുടരുകയാണ്. ഇറാൻ പിന്തുണയ്‌ക്കുന്ന ഐ ആർ ജി സി യുടെയും ആക്രമണത്തേയും ഇസ്രായേലിന് ചെറുക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.















