എറണാകുളം: മാദ്ധ്യമപ്രവർത്തകരോട് നോ ബോഡി ടച്ചിങ് എന്നു പറഞ്ഞ് നടൻ സുരേഷ് ഗോപി. കൊച്ചി കലൂരിൽ ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ട്രാൻസ്ജെൻഡേഴ്സിനൊപ്പം കേരള പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ചോദ്യം ചോദിക്കാൻ എത്തിയ മാദ്ധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്ന് പറഞ്ഞാണ് അദ്ദേഹം ഒഴിഞ്ഞുമാറിയത്. മാത്രമല്ല മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തില്ല.
കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി പരിപാടി സ്ഥലത്ത് പോലീസ് എത്തി പരിശോധനയും നടത്തിയിരുന്നു. അതേസമയം സ്ഫോടന ഭീഷണിയെ തുടർന്ന് കേരള പിറവി ആഘോഷ പരിപാടി താത്കാലികമായി നിർത്തിവച്ചിരുന്നു.
പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്ഫോടന ഭീഷണിയെന്ന അഭ്യൂഹം പങ്കുവച്ചതും താരത്തെയും ആളുകളെയും പരിപാടി നടക്കുന്നയിടത്ത് നിന്ന് മാറ്റിയതും. എന്നാൽ അൽപ്പ നേരം പരിപാടി നിർത്തിവച്ചു.തുടർന്ന് പോലീസ് പരിശോധന നടത്തിയതിന് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തുകയും പരിപാടി വീണ്ടും പുനഃരാരംഭിക്കുകയും ചെയ്തു.















