ന്യൂഡൽഹി: ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വേറിട്ട ഹർജിയുമായി യുവാവ് കോടതിയിൽ. തന്റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിക്കാരന് ആറ് മാസം തടവുശിക്ഷയും പിഴയും കോടതി വിധിച്ചു. പഞ്ചാബ് പത്താൻകോട്ട് സ്വദേശി നരേഷ് ശർമയ്‌ക്കാണ് ഡൽഹി ഹൈക്കോടതി ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചത്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ്, ഷാലിന്ദർ കൗർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
1971-ലെ കോടതി അലക്ഷ്യ നിയമ പ്രകാരമാണ് കോടതി നരേഷ് ശർമയ്‌ക്ക് ശിക്ഷ വിധിച്ചത്. ഇയാൾ ജഡ്ജിയെ കള്ളി എന്ന് സംബോധന ചെയ്യുകയും രാജ്യദ്രോഹിയെന്ന് പരമാർശിക്കുകയും ചെയ്തു. ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീലും ഫയൽ ചെയ്തിരുന്നു.
ഡൽഹി പോലീസ്, മുംബൈ പോലീസ്, ബെംഗളൂരു പോലീസ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവർ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതായിരുന്നു നരേഷ് ശർമ നേരത്തെ കോടതിയിൽ സമർപ്പിച്ച ഹർജി. ഈ ഹർജികൾ തള്ളിയ ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.















