നവംബർ ആദ്യാവസാനം തിയറ്ററുകളിൽ മലയാള സിനിമകളുടെ റിലീസ് പെരുമഴ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളാണ് നവംബർ മാസത്തിന്റെ ആദ്യാവസാനം തിയറ്ററുകളിൽ കൊമ്പ് കോർക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാതൽ, സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഗരുഡൻ, ജനപ്രിയ നായകൻ ദിലീപിന്റെ ബാന്ദ്ര എന്നീ ചിത്രങ്ങളാണ് ഇക്കൂട്ടത്തിലെ വമ്പൻ റിലീസുകൾ. ഇവരെ കൂടാതെ ബേസിൽ ജോസഫ്, ഷറഫുദ്ദീൻ, ധ്യാൻ ശ്രീനിവാസൻ, ഷെയ്ൻ നിഗം എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്. നായകൻമാർക്കൊപ്പം കൊമ്പുകോർക്കാൻ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമാകുന്ന ശേഷം മൈക്കിൽ ഫാത്തിമയും നവംബർ റിലീസായി എത്തുന്നുണ്ട്.
എല്ലാ ആഴ്ചയും മൂന്ന് ചിത്രങ്ങൾ വീതമാണ് റിലീസിനെത്തുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡനാണ് നവംബർ ആദ്യവാരം റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങളിൽ ഒന്ന്. നവാഗതനായ അരുൺ വർമ്മയാണ് ഗരുഡന്റെ സംവിധായകൻ. മൂന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കൂടാതെ ഷറഫുദ്ദീനെ നായകനാക്കി നടൻ ജോർജ് കോര സംവിധാനം ചെയ്യുന്ന തോൽവി എഫ് സിയാണ് 3ന് പ്രദർശനത്തിനെത്തുന്ന മറ്റൊരു ചിത്രം. ധ്യാൻ ശ്രീനിവസാൻ നായകനായി നവാഗതനായ അരുൺ ലാൽ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫിയും ഇതേ ദിവസം പ്രദർശനത്തിനെത്തും.
ഈ മാസത്തെ വമ്പൻ റിലീസുകളിൽ ഒന്നായ ബാന്ദ്ര 10 ന് തിയറ്ററുകൾ എത്തും. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം താരസുന്ദരി തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നതാണ്. ആർ ഡി എക്‌സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗത്തിന്റെ ത്രില്ലർ ചിത്രം വേലയും പത്തിന് റിലീസ് ചെയ്യും. ഒരു ഇടവേളയ്‌ക്ക് ശേഷം നടൻ സണ്ണി വെയ്‌നും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. നവാഗതനായ ശ്യാം ശശിയാണ് വേലയുടെ സംവിധായകൻ. ബേസിൽ ജോസഫ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഫാലിമിയാണ് ഇതേ ദിവസം റിലീസിനെത്തുന്ന മാറ്റൊരു സിനിമ. നവാഗതനായ നിതീഷ് സഹദേവാണ് ഫാലിമിയുടെ സംവിധായകൻ. കൂടാതെ നവാഗതനായ ജോഷി ജോൺ സംവിധാനം ചെയ്യുന്ന കുരുവിപാപ്പ എന്ന ചിത്രവും 10 ന് റിലീസിനെത്തും.
കല്യാണി പ്രിയദർശൻ നായികയാകുന്ന ശേഷം മൈക്കിൽ ഫാത്തിമ, ഇന്ദ്രജിത്തും സർജ്ജാനോ ഖാലിദും നായകൻമാരാകുന്ന മാരിവില്ലിന് ഗോപുരങ്ങൾ, അജയ് ഭൂപതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ചൊവ്വാഴ്ച എന്നീ ചിത്രങ്ങളാണ് നവംബർ 17ന് പ്രദർശനത്തിനെത്തുന്നത്.
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി ചിത്രം കാതൽ ദ കോർ 24 നാണ് തിയറ്ററുകളിലെത്തുന്നത്. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവർ അഭിനയിക്കുന്ന കോമഡി ചിത്രം മഹാറാണിയും 24 ന് പ്രദർശനത്തിനെത്തും. കൂടാതെ അർജുനും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നും 24 ന് തന്നെയാണ് പ്രദർശനത്തിനെത്തുന്നത്.















