കറാച്ചി: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് തന്നെ അധികാരികൾ ഇടപെട്ട് അവരെ വിവാഹം കഴിപ്പിച്ച് നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വിവരിക്കുന്ന വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
സൗത്ത് ഏഷ്യൻ ഡൈജസ്റ്റിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കനേറിയ വിഷയത്തിൽ സമൂഹത്തിലെ ഉന്നതരുടെ ഇടപെടൽ ആവശ്യപ്പെട്ടത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഡാനിഷ് കനേറിയ രംഗത്തുവന്നിരുന്നു. കച്ചി വിഭഗത്തിൽപ്പെട്ട ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രവും മുസ്ലീം ഭൂപ്രഭു തീവെച്ച് നശിപ്പിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ടും കനേറിയ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
Minor Hindu girls are abducted, forcibly converted to Islam, and married to their abductors in Pakistan. This is a serious problem that needs to be addressed. https://t.co/jGM6bI3z0v
— Danish Kaneria (@DanishKaneria61) November 1, 2023
ഹിന്ദുവായതിനാൽ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളിൽ നിന്നും വിവേചനം നേരിട്ട വ്യക്തിയാണ് ഡാനിഷ് കനേറിയ. ഇക്കാര്യം കനേറിയ തന്നെ പലവട്ടം വെളിപ്പെടുത്തിയിരുന്നു. കനേറിയയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും പലതാരങ്ങളും തയ്യാറായിരുന്നില്ലെന്ന് മുൻ പാക് താരം ഷൊയ്ബ് അക്തറും വെളിപ്പെടുത്തിയിരുന്നു.