എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ പുനഃപരിശോധന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു വിജിലൻസ് കോടതി നേരത്തെ പറഞ്ഞത്.
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ കഴിഞ്ഞദിവസം നിയോഗിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നാണ് വീണ വിജയൻ 1.72 കോടി രൂപ കൈപ്പറ്റിയത്. ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.